തെലുങ്കാനയിൽ നിന്നും ഒരു പുഷ്പ രാജ് വന്നു കേരളാ ബോക്സ് ഓഫീസിൽ ആദ്യദിന റെക്കോർഡുകൾ തൂക്കിയടിക്കുന്നു. പുഷ്പ ഫ്ളവറും അല്ല ഫയറും അല്ല, വൈൽഡ് ഫയർ ആണെന്നുള്ള മാസ് ഡയലോഗിൽ കടപുഴകിയതു ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷനുകളാണ്. പുറത്തു വരുന്ന കണക്കുകൾ പ്രകാരം ആദ്യദിനം കേരളാ ഗ്രോസ്സ് 6 കോടി മുപ്പത്തഞ്ചു ലക്ഷം രൂപയാണ് പുഷ്പാ 2 വിൻ്റെ കളക്ഷൻ. അതോടെ ഇതുവരെ ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷൻ ആയി “പുഷ്പാ 2” കേരളാ ബോക്സ് ഓഫീസിൽ ഇടം പിടിച്ചു. മമ്മൂട്ടിയുടെ “ടർബോ” യുടെ 6 കോടി പതിനഞ്ചു ലക്ഷം എന്ന റെക്കോർഡ് ആണ് പുഷ്പാ 2 ബ്രേക്ക് ചെയ്‍തത്. കേരളാ ബോക്സ് ഓഫീസിൽ കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ ഇതാണ്.
പുഷ്പാ 2 : 6 കോടി മുപ്പത്തഞ്ചു ലക്ഷം
ടർബോ : 6 കോടി പതിനഞ്ചു ലക്ഷം
മലൈക്കോട്ട വലിബൻ: 5 കോടി എൺപത്തൊൻപതു ലക്ഷം
ആടുജീവിതം : 5 കോടി എൺപത്തിമൂന്നു ലക്ഷം
ഗോട്ട് (വിജയ്) : 5 കോടി എൺപതു ലക്ഷം
ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും വലിയ ആദ്യദിന കളക്ഷനും ഇനി പുഷ്പരാജിന് സ്വന്തം. ഏകദേശം 175 കോടിയാണ് പുഷ്പാ 2 ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും ആദ്യദിനം നേടിയത്. രാജമൗലിയുടെ “RRR” ആണ് ഇതിനു മുമ്പ് ഏറ്റവും കൂടുതൽ ആദ്യ ദിനം കളക്ട് ചെയ്ത സിനിമ. ആദ്യ ദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ ഇതാണ്.
പുഷ്പാ 2 : 175 കോടി (ഏകദേശം)
RRR : 133 കോടി (ഏകദേശം)
ബാഹുബലി 2 : 121 കോടി (ഏകദേശം)
കെ ജി എഫ് 2 : 116 കോടി (ഏകദേശം)
കേരളത്തിൽ ആദ്യദിനം ഗംഭീര വരവേൽപ്പാണ് അല്ലു അർജുൻ്റെ “പുഷ്പാ 2” വിനു ലഭിച്ചിരിക്കുന്നത്. വെളുപ്പിന് 4 മണിമുതൽ കേരളത്തിലുടനീളം ഫാൻസ് ഷോകളും നടന്നിരുന്നു. അഞ്ഞൂറിലധികം തീയേറ്ററുകളിലാണ് കേരളത്തിൽ “പുഷ്പരാജ്” തേരോട്ടം നടത്തിയത്. അല്ലു അർജുനൊപ്പം മലയാളത്തിൻ്റെ പ്രിയതാരം ഫഹദ് ഫാസിലും മാസ് വില്ലനായി പുഷ്പാ 2 – വിൽ അല്ലു അർജുനൊപ്പം നിറഞ്ഞാടുന്നു. “പുഷ്പരാജിൻ്റെ” മാസും ആക്ഷനും കേരളാ ഫാൻസിനു അത്ര സുഖിച്ചില്ലെങ്കിലും തീയേറ്ററുകളിൽ കളക്ഷനിൽ മുന്നോട്ടു തന്നെയാണ് പുഷ്പാ 2.