സൂപ്പർ ഹിറ്റ് സംവിധായകൻ തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന “തുടരും” സിനിമയുടെ പുതിയ പോസ്റ്റർ എത്തി. വിന്റേജ് ലുക്കിൽ കള്ളച്ചിരിയോടെ സുഹൃത്തുക്കളുമായി നിൽക്കുന്ന പുതിയ പോസ്റ്റർ മോഹൻലാൽ തന്നെയാണ് ഫേസ്ബുക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. തനി നാടൻ ലുക്കിലുള്ള മോഹൻലാലിനെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ. ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
ശോഭനയാണ് ചിത്രത്തിലെ നായിക. 15 വർഷങ്ങൾക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് “തുടരും”. 2009 -ൽ ഇറങ്ങിയ “സാഗർ ഏലിയാസ് ജാക്കിയായിരുന്നു” ഇതിനു മുൻപ് ഇവർ അവസാനമായി ഒരുമിച്ചഭിനയിച്ചത്. മലയാളത്തിലെ യുവസംവിധായകരിൽ പ്രമുഖനായ തരുൺ മൂർത്തിയാണ് “തുടരും” സംവിധാനം ചെയ്യുന്നത്. തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ (2021), സൗദി വെള്ളക്ക (2022) എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു. അതുകൊണ്ടുതന്നെ “തുടരും” വളരെ പ്രതീക്ഷയോടെയാണ് ലാലേട്ടൻ്റെ ആരാധകർ കാത്തിരിക്കുന്നത്. 2025 ജനുവരിയിലാണ് ചിത്രം റിലീസ് നിച്ഛയിച്ചിരിക്കുന്നത്.
മോഹൻലാലിൻറെ കരിയറിലെ 360-ാം ചിത്രമാണ് “തുടരും”. ഷൺമുഗം എന്ന സാധാരണ ടാക്സി ഡ്രൈവറുടെ വേഷം ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ നാട്ടിലും വീട്ടിലും നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയങ്കനായ ടാക്സി ഡ്രൈവർ. ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ ഒരു സാധാരക്കാരൻ്റെ വേഷം ചെയുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് “തുടരും” നിർമിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാജി കുമാർ. നിഷാദ് യൂസഫും ഷഫീഖ് വി ബിയും ചേർന്നാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. മ്യൂസിക് ചെയ്തിരിക്കുന്നത് ജയ്ക്ക് ബിജോയ് ആണ്.