വീണ്ടും ഒരു അവധികാലം. ക്രിസ്തുമസ് ന്യൂ ഇയർ റിലീസിനായി ഒരുങ്ങി കേരളത്തിലെ തീയേറ്ററുകൾ.

വീണ്ടും ഒരു ക്രിസ്തുമസ് ന്യൂ ഇയർ സീസൺ തുടങ്ങുകയായി. മലയാളീ പ്രേക്ഷകരും തീയേറ്ററുകൾ ഉടമകളും വളരെ പ്രതീക്ഷയോടെയാണ് ഈ അവധികാലം ഉറ്റുനോക്കുന്നത്. തിയേറ്ററുകളെ പൂരപ്പറമ്പാകുന്ന റിലീസുകളാണ് ക്രിസ്തുമസ് ന്യൂ ഇയർ റിലീസുകളായി പ്രേക്ഷകരെ കാത്തിരിക്കുന്നത്.

മോഹൻലാലിൻ്റെ “ബാറോസ്”, ആഷിഖ് അബു-ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ വരുന്ന “റൈഫിൾ ക്ലബ്”, ഉണ്ണി മുകുന്ദൻ- ഹനീഫ് അദേനി കോംബോ “മാർക്കോ”, സുരാജ് വെങ്ങാറമൂടിൻ്റെ ” എക്സ്ട്രാ ഡീസെന്റ്‌ (ED), ജോജു ജോർജിൻ്റെ ” നാരായണീൻ്റെ മൂന്നുമക്കൾ” എന്നീ അഞ്ചു സിനിമകളാണ് ക്രിസ്തുമസ് റിലീസ് ആയി മലയാളികളെ കാത്തിരിക്കുന്നത്.

 

ബാറോസ് – 3D

സംവിധാനം: മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം “ബാറോസ്” ആണ് മലയാളീ പ്രേക്ഷകരും ലാലേട്ടൻ ഫാൻസും ഒരുപോലെ കാത്തിരിക്കുന്ന ക്രിസ്തുമസ് ചിത്രം. മോഹൻലാൽ സംവിധാനം ചെയ്തു ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന “ബാറോസ്” ത്രീഡിയിലാണ് തീയേറ്ററുകളിൽ എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ 3D ഫിലിമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസ് ആണ് “ബാറോസിൻ്റെ”തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും വമ്പൻ റിലീസ് ആണ്  “ബാറോസിൻ്റെ” നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 25 -നാണു “ബാറോസ് ” തീയേറ്ററുകളിൽ എത്തുന്നത്.

 

റൈഫിൾ ക്ലബ്:

സംവിധാനം: ആഷിഖ് അബു

ആഷിഖ് അബു (സംവിധാനം) ശ്യാം പുഷ്ക്കരൻ-ദിലീഷ് നായർ (തിരക്കഥ) എന്നിവർ ഒരുമിച്ചപ്പോളെല്ലാം മലയാളീ പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത് സൂപ്പർ ഹിറ്റുകളാണ്. സാൾട്ട് ആൻഡ് പെപ്പർ, ഡാ തടിയാ, ഇടുക്കി ഗോൾഡ്, മയനാദി എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ കേരളാ ബോക്സ് ഓഫീസ് തൂത്തു വാരിയത്. അതുകൊണ്ടു തന്നെ ഈ കൂട്ടുകെട്ടിൽ വരുന്ന ” റൈഫിൾ ക്ലബ്” പ്രേക്ഷകർക്ക് കൊടുക്കുന്ന പ്രതീക്ഷ ചില്ലറയല്ല. ചിത്രത്തിൻ്റെ  ട്രെയിലർ ഇതിനോടകം ട്രൻഡിങ് ആയിക്കഴിഞ്ഞു. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, സുരഭി ലക്ഷ്മി, ദർശന രാജേന്ദ്രൻ, വാണി വിശ്വനാഥ്, വിജയരാഘവൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഡിസംബർ 19-നാണു “റൈഫിൾ ക്ലബ്” തീയേറ്ററുകളിൽ എത്തുന്നത്.

 

മാർക്കോ:

സംവിധാനം: ഹനീഫ് അദേനി

അമൽ നീരദ് കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് മൂവികൾ എടുക്കുന്ന സംവിധായകൻ ആരെന്നു ചോദിച്ചാൽ എല്ലാവരും പറയുന്ന ഒറ്റ ഉത്തരം അത് ഹനീഫ് അദേനി തന്നെ. മമ്മൂട്ടിയുടെ “ദി ഗ്രേറ്റ് ഫാദർ, നിവിൻ പോളിയുടെ “മിഖായേൽ” എന്നീ ചിത്രങ്ങൾ മാത്രം മതി ഹനീഫ് അദേനിയുടെ മികവ് മനസിലാക്കാൻ. മിഖായേൽ പ്രതീക്ഷിച്ച വിജയം ആയില്ലെങ്കിലും അതിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച “മാർക്കോ” എന്ന വില്ലൻ കഥാപാത്രം പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഉണ്ണി മുകുന്ദൻ്റെ  “മാർക്കോയെ” പ്രധാന കഥാപാത്രമായി അവതരിപ്പിക്കുകയാണ് ഹനീഫ്  അദേനി ഈ ചിത്രത്തിലൂടെ. മലയാളത്തിൽ ഇത് വരെ ഇറങ്ങിയ ഏറ്റവും വയലൻസ് നിറഞ്ഞ മൂവിയായിരിക്കും “മാർക്കോ” എന്ന് ചിത്രത്തിൻ്റെ അണിയറക്കാർ പ്രഖ്യപിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പ് കിട്ടിയ മൂവിയും “മാർക്കോ” ആണ്. ഡിസംബർ 20-നാണു “മാർക്കോ” തീയേറ്ററുകളിൽ എത്തുന്നത്.

 

ഇ ഡി (എക്സ്ട്രാ ഡീസന്റ്):

സംവിധാനം: അമീർ പള്ളിക്കൽ

മഞ്ജു വാരിയർ നായികയായി എത്തിയ “ആയിഷ” എന്ന സിനിമയ്ക്ക് ശേഷം വ്യത്യസ്തമായൊരു പ്രമേയവുമായി അമീർ പള്ളിക്കൽ എന്ന പുതുമുഖ സംവിധായകൻ എത്തുന്നു. പേരിൽ തന്നെ പുതുമ നിലനിർത്തുന്ന ഇ ഡി (എക്സ്ട്രാ ഡീസെന്റ്) യിൽ സുരാജ് വെഞ്ഞാറമൂടാണ് നായകൻ. സുരാജിൻ്റെ നായികയായെത്തുന്നത് ഗ്രേസ് ആൻ്റെണിയാണ്. മാജിക് ഫ്രെയിംസ് ആണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 20-നാണു “ഇ ഡി (എക്സ്ട്രാ ഡീസന്റ്)” തീയേറ്ററുകളിൽ എത്തുന്നത്.

 

നാരായണീൻ്റെ മൂന്നാൺമക്കൾ: 

സംവിധാനം: ശരൺ വേണുഗോപാൽ

ഒരു നവാഗത സംവിധായകനും സൂപ്പർ ഹിറ്റ് പ്രൊഡ്യൂസറും ഒന്നിക്കുമ്പോൾഒരു ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. ശരൺ വേണുഗോപാലും ജോബി ജോർജും ഒന്നിക്കുന്ന ” നാരായണീൻ്റെ മൂന്നാൺമക്കൾ” ഡിസംബർ 20-നാണു തിയേറ്റർ റിലീസ് ചാർട്ട് ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ജോജു ജോർജും ആണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ഷെല്ലിയാണ് നായികയായെത്തുന്നത്.

സൂപ്പർ താരങ്ങളുടെ ചിത്രങ്ങളില്ലാതെ സൂപ്പർ സംവിധായകർ ഏറ്റുമുട്ടുന്ന ഒരു ഫെസ്റ്റിവൽ സീസൺ കൂടിയാണ് ഇത്. ഏതായാലും വിജയം ആരെടുത്താലും പ്രേക്ഷകർക്ക് ഇത് അടിപൊളിയുടെ ആഘോഷത്തിൻ്റെ  ക്രിസ്തുമസ് ന്യൂ ഇയർ കാലം.

Leave a Reply

Your email address will not be published. Required fields are marked *