മാസ് ചിത്രങ്ങളുടെ സംവിധായകൻ ജോഷി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. “റമ്പാൻ” എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ. മലയാളികളുടെ പ്രിയ താരം ചെമ്പൻ വിനോദ് ജോസ് ആണ് “റമ്പാൻ്റെ” തിരക്കഥ രചിച്ചിരിക്കുന്നത്. മുണ്ടു മടക്കി കുത്തി കയ്യിൽ ചുറ്റികയും തോക്കും പിടിച്ചു കാറിന്റെ മുകളിൽ നിൽക്കുന്ന മാസ് മോഷൻ പോസ്റ്ററാണ് ചിത്രത്തിൻ്റെ അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്.
2017- ൽ ഇറങ്ങിയ “ലൈല ഓ ലൈല” എന്ന ചിത്രമായിരുന്നു മോഹൻലാൽ-ജോഷി കൂട്ടുകെട്ടിലെ അവസാന ചിത്രം. ഇതിനു ശേഷം 4 വർഷത്തോളം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത ജോഷി 2019-ൽ ജോജുവിനെ നായകനാക്കി “പൊറിഞ്ചു മറിയം ജോസ്” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു. മലയാളികളുടെ പൾസ് അറിയുന്ന സംവിധായകനായ “ജോഷി” 2022-ൽ സുരേഷ് ഗോപിയെ നായകനാക്കി “പാപ്പൻ” എന്ന സൂപ്പർ ഹിറ്റിലൂടെ തൻ്റെ രണ്ടാം വരവ് വീണ്ടും ഉറപ്പിച്ചു. ജോജുവിനെ നായകനാക്കി നിർമിച്ച “ആൻ്റണിയാണ്” ഇനി പുറത്തിറങ്ങുന്ന ജോഷി ചിത്രം.
അങ്കമാലി ഡയറീസ്, ഭീമൻ്റെ വഴി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരുന്നത് ചെമ്പൻ വിനോദ് ജോസ് ആയിരുന്നു. മോഹൻലാലിനു വേണ്ടി എന്ത് സർപ്രൈസ് ആയിരിക്കും ചെമ്പൻ വിനോദ് കരുതിയിരിക്കുക എന്ന കാര്യത്തിൽ ലാലേട്ടൻ്റെ ആരാധകരും മലയാളീ സിനിമ പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയിലാണ്.
സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവിയർ. എഡിറ്റിംഗ് വിവേക് ഹർഷൻ. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം. 2024 പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന “റമ്പാൻ” 2025-ൽ വിഷുവിനു തീയേറ്ററുകളിൽ റിലീസ് ചെയ്യും.